Tuesday, July 3, 2012

രാത്രിയുടെ തേങ്ങലുകള്‍



രാത്രി തണുത്തുറഞ്ഞ് ഭൂമിയെ പുല്‍കി കിടന്നു..

ജനല്‍ പാളികളിലൂടെ അവളുടെ നിശ്വാസങ്ങള്‍ അയാളുടെ ശരീരത്തെ പുല്‍കി ഉണര്‍ത്തി. അയാള്‍ എഴുന്നേറ്റ് ജനലിലൂടെ അവളെ ആശ്ലേഷിച്ചാശ്വസിപ്പിച്ചു..

തലേന്നാള്‍ മദ്യലഹരിയില്‍ അവളോട്‌ മിണ്ടാതിരുന്നതിനെപറ്റി അയാള്‍ ഒന്നും പറഞ്ഞില്ല. കാരണം അയാള്‍ ഇന്നലെകളില്‍ വെറും മൃതശരീരം പോലെ ആയിരുന്നു. ഇന്നാണ് അയാള്‍ അവളുടെ തന്നോടുള്ള സ്നേഹം തിരിച്ചറിയുന്നത്.....

പുലരിയില്‍ ഉണരുമ്പോള്‍ കേള്‍ക്കുന്ന കളകൂജനം പോലും അയാള്‍ അറിയാരുണ്ടായിരുന്നില്ല.
അയാള്‍ തന്നെ വെറുക്കുന്നുവെന്നു തോന്നിയ അവളുടെ മിഴിയിണകളില്‍ നിന്നും ഒരു തണുത്ത അശ്രുകണം അയാളുടെ കവിളില്‍ പതിച്ചു...
ഇത്രയും നാള്‍ അയാള്‍ക്കായി കാത്തിരുന്നത് വൃഥാവിലായെന്ന ചിന്ത അവളുടെ മനസ്സിന്‍റെ വേദനയുടെ ആഴങ്ങള്‍ തേടി അലഞ്ഞു നടന്നു....
ഇത്രനാളും അവളുടെ സ്നേഹം തനിക്ക്‌ തിരിച്ചറിയാന്‍ കഴിയാത്തതില്‍ മനം നൊന്ത അയാള്‍ തന്‍റെ മുഖം തിരിച്ചപ്പോള്‍ തലേന്നാള്‍ താന്‍ കാലിയാക്കിയ ഒരു മദ്യക്കുപ്പിയില്‍ കണ്ണുകള്‍ ഉടക്കി. 
വിഷാദം കൊല ചെയ്ത കുറ്റബോധത്തിന്‍റെ മനസ്സുമായി അയാള്‍ അവളുടെ തോളിലെ പിടിമുറുക്കി...
വേദനയിലും തന്നോട് ചേര്‍ന്ന് നിന്ന അവളുടെ കവിളില്‍ പശ്ചാത്താപത്തിന്‍റെ ചുടുചുംബനം നല്‍കുവാനെ അയാള്‍ക്കായുള്ളൂ...
അവള്‍ക്കു തന്നെ പിരിഞ്ഞകന്നുപോകുവാനുള്ള സമയം ആയികൊണ്ടിരിക്കുന്നു എന്ന് ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരം മൂന്നുവട്ടം ഉച്ചത്തില്‍ ശബ്ദിച്ചു....
ആ ശബ്ദത്തില്‍ നിന്നുമുണ്ടായ ഞെട്ടലില്‍ അവള്‍, 'രജനി' അയാളുടെ കഴുത്തിലെ പിടി അയച്ചുകൊണ്ട് വിട പറയുവാനോരുങ്ങി നിന്നു.
ജീവിതത്തിലാദ്യമായി അയാള്‍ അവളുടെ വിരഹത്തെ ഓര്‍ത്തു ദുഖിച്ചു..
അവളെ തന്‍റെ ജീവനോടു ചേര്‍ത്തുപുല്‍കി മരണം വരെ നില്‍ക്കുവാന്‍ കഴിയുകയില്ലല്ലോ എന്നയാള്‍ വ്യസനിച്ചു...
അങ്ങകലെ അവളുടെ രഥം ചുവന്ന പതാക വീശികാണിച്ചുകൊണ്ട് അവര്‍ക്ക് നേരെ അടുത്തുകൊണ്ടിരുന്നു...
അവളുടെ കൈകള്‍ തന്നെ വിട്ടകലുന്നതും അവള്‍ രഥത്തിലേക്ക് കയറുന്നതും നിസ്സഹായതയോടെ നോക്കി നിന്ന അയാള്‍ അവള്‍ എത്രയും പെട്ടെന്ന് മടങ്ങി വരണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടേ ഇരുന്നു.

2 comments: